top of page
Frequently Asked Questions
-
എന്താണ് ഓർത്തോഡോൻ്റിക്സ്?ഓർത്തോഡോൻറ്റിക്സ് & ഡെൻ്റോ ഫേഷ്യൽ ഓർത്തോപ്പഡിക്സ് എന്നത് ഡെൻ്റിസ്ട്രിയിലെ ഒരു സ്പെഷ്യാലിറ്റി വിഭാഗമാണ്. പല്ലുകളുടേയും താടിയെല്ലുകളുടേയും ക്രമരഹിതമായിട്ടുള്ള പൊസിഷനുകളേയും വളർച്ചയുമായും ബന്ധപ്പെട്ടുള്ള രോഗനിർണ്ണയവും രോഗ നിവാരണവും ചികിത്സയും ഉൾക്കൊള്ളുന്ന ശാസ്ത്ര ശാഖയാണ് ഓർത്തോഡോൻറ്റിക്സ്.
-
എന്താണ് ഡെൻ്റോ ഫേഷ്യൽ ഓർത്തോപ്പഡിക്സ്?ഓർത്തോഡോൻ്റിക്സ് ആൻഡ് ഡെൻ്റോ ഫേഷ്യൽ ഓർത്തോപ്പഡിക്സ് എന്ന സ്പെഷ്യാലിറ്റി വിഭാഗത്തിൽ, കുട്ടികളിലെ മുഖത്തിൻ്റേയും താടിയെല്ലുകളുടേയും വളർച്ചയും ഘടനയും മനസ്സിലാക്കി അതിലുള്ള വ്യതിയാനങ്ങളെ വളർച്ചാ ഘട്ടത്തിൽ തന്നെ ശരിയായ ദിശയിലേക്ക് കൊണ്ട് വന്ന് അസ്വാഭാവിക വളർച്ചാ വ്യത്യാസങ്ങളെ ശരിപ്പെടുത്തുന്ന വിഭാഗമാണ് ഡെൻ്റോ ഫേഷ്യൽ ഓർത്തോപ്പഡിക്സ്.
-
പല്ല് പൊങ്ങുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?താടിയെല്ലിൻ്റെയും പല്ലിൻ്റെ വലുപ്പം, തള്ളൽ, തുടങ്ങിയവയെല്ലാം ഒരു പരിധിവരെ ജനിതകമാണ്. എന്നാൽ ജനിതകപരമായ കാരണങ്ങൾ കൊണ്ടല്ലാതെയും താടിയെല്ലുകൾക്കും പല്ലുകൾക്കും തളളൽ അല്ലെങ്കിൽ പൊന്തൽ ഉണ്ടാവാം. അതിൽ ഒന്ന് വായ തുറന്നുള്ള ഉറക്കമാണ്. കുട്ടികളിൽ വളർച്ചാ ഘട്ടത്തിൽ കാണുന്ന അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം, മൂക്കിലെ ദശ വളർച്ച, മൂക്കിൻ്റെ പാലത്തിനുള്ള വളവ്, അടിക്കടിയുള്ള അലർജി മൂലം മൂക്കിനകത്തുണ്ടാകുന്ന ദശവീക്കം എന്നിവയെല്ലാം വായ തുറന്നുള്ള ഉറക്കത്തിന് കാരണമാകാം. വളർച്ചാ ഘട്ടത്തിൽ ഉള്ള ഈ ശീലം താടിയെല്ലുകളിൽ വളർച്ചാ വ്യതിയാനമുണ്ടാക്കുകയും. തന്മൂലം പല്ലും മോണയും പൊന്തിയതായ് തീരാനും സാധ്യതയുണ്ട്. നാവിൻ്റെ പല്ലുകളിൻ മേലുള്ള തള്ളൽ ശീലം താടിയെല്ലുകളെയും പല്ലുകളെയും മുന്നോട്ട് തള്ളാൻ ഒരു കാരണമാണ്. ചെറുപ്പത്തിലെയുള്ള വിരൽ കുടിക്കുന്ന ശീലം കീഴ് താടിയെല്ലിൻ്റെ വളർച്ച കുറക്കുകയും മേൽ താടിയെല്ലിൻ്റെ മുന്നോട്ടുള്ള വളർച്ച കൂട്ടുകയും മേൽ നിര മുൻപല്ലുകൾ തള്ളുവാനും കാരണമാകും. ചുണ്ട് കടിക്കുന്ന ശീലവും പല്ല് തള്ളാൻ ഒരു കാരണമാണ്. കൊഴിഞ്ഞുപോവാതെ നിൽക്കുന്ന പാൽ പല്ലുകളും, ചിലരിൽ സ്വാഭാവികമായ് ഉണ്ടാവുന്ന പല്ലുകളുടെ എണ്ണത്തേക്കാൾ കൂടുതലായി കാണപ്പെടുന്ന പല്ലുകളും ചിലപ്പൊ പല്ല് പൊങ്ങാൻ കാരണമാവാറുണ്ട്.
-
പല്ല് നിരതെറ്റി വരുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?പല്ലുകൾ നിരതെറ്റി വരുവാനുള്ള പ്രധാന കാരണം , ഡെന്റൽ ആർച്ച് (ദന്തനിര) ഉം ആകെ പല്ലുകളുടെ വീതിയും തമ്മിലുള്ള അനുപാതത്തിലുള്ള വ്യത്യാസമാണ്. ഡെന്റൽ ആർച്ചുകളുടെ വലുപ്പക്കുറവോ പല്ലുകളുടെ വീതി കൂടുന്നതോ കാരണമാകാം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, 6 പേർക്ക് ഇരിക്കാൻ മാത്രം സ്ഥലമുള്ള ഒരു ബെഞ്ചിൽ 10 പേർ ഇരുന്നാൽ കുറച്ച് പേർ മുന്നോട്ടും പിന്നോട്ടും ഞെരുങ്ങി ഇരിക്കേണ്ടതായി വരും. അതുപോലെ വലുപ്പം കുറഞ്ഞ ഡെന്റൽ ആർച്ചിൽ പല്ലുകൾ നിരാതെറ്റിയാകും പുറത്തേക്ക് മുളക്കുക. നിരതെറ്റൽ കൂടുതലും കാണപ്പെടുന്നത് കീഴ് വരിമുൻപ്പല്ലുകളിലാണ്. മേൽ നിരപ്പല്ലുകളിൽ കൂടുതലും നിരതെറ്റി കാണുന്നത് കൊമ്പല്ലുകളും ലാറ്ററൽ ഇന്സൈസർ പല്ലുകളുമാണ്. സാധാരണ കൊഴിയേണ്ട സമയം കഴിഞ്ഞും കൊഴിഞ്ഞുപോവാതെ നിലനിൽക്കുന്ന പാൽ പല്ലുകളും, ചിലരിൽ സ്വാഭാവികമായ് ഉണ്ടാവുന്ന പല്ലുകളുടെ എണ്ണത്തേക്കാൾ കൂടുതലായി കാണപ്പെടുന്ന പല്ലുകളും (supernumerary tooth) പല്ല് നിരതെറ്റാൻ കാരണമാകും. എട്ടാമത്തെ പല്ല് അഥവാ വിസ്ഡം ടൂത്ത് വരുന്ന സമയത്ത്, പുറത്തേക്കു വരാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടെങ്കിൽ അവ മറ്റു പല്ലുകളിൽ ഉണ്ടാക്കുന്ന മർദ്ദം കീഴ് വരി മുൻപല്ലുകളെ നിരാതെറ്റിക്കാൻ കാരണമാവാറുണ്ട് (late labial imbrication).
-
പല്ലിനിടയിൽ വിടവ് വരുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?ഡെന്റൽ ആർച്ചുകളുടെ വലുപ്പം കൂടുന്നതോ വീതി കുറഞ്ഞ പല്ലുകളോ ആണ് ഉള്ളതെങ്കിൽ പല്ലുകൾക്കിടയിൽ വിടവ് കാണപ്പെടും. നാവിന്റെ വലുപ്പക്കൂടുതലും സ്വാഭാവികമായി നാവ് വായിൽ ഇരിക്കേണ്ട സ്ഥാനത്ത്നിന്നും മാറി നാവ് പല്ലുകളിൽ കൂടുതൽ മർദ്ദം കൊടുക്കുന്ന രീതിയിൽ ഇരിക്കുകയാണെങ്കിലും പല്ലുകൾ പൊങ്ങുവാനും വിടവ് കാണപ്പെടുവാനും കാരണമാകും. മേൽവരിയിലെ മധ്യഭാഗത്തായി കാണുന്ന വിടവിനെ ഡയസ്റ്റിമ എന്നാണ് പറയുക. ഇതുണ്ടാവാൻ പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ കാരണം ചുണ്ടും മോണയും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്രീനം എന്ന ദശ പല്ലുകളുടെ ഇടയിലേക്ക് കടന്നിരിക്കുന്ന അവസ്ഥ. ഈ ദശയുടെ തടിപ്പുകൊണ്ടു പല്ലുകൾക്ക് ചേർന്ന് നിൽക്കാൻ കഴിയാതെ വരുന്നു. ഇങ്ങനെ പ്രശ്നമുള്ളവരിൽ കമ്പിയിട്ടു വിടവ് അടച്ചതിനു ശേഷം ഫ്രീനം എന്ന ദശ ചെറിയൊരു സർജറിയിലൂടെ എടുത്ത് കളയേണ്ടതായി വരും. ഈ സർജറിയെ ഫ്രീനക്ടമി എന്നു പറയും. രണ്ടാമത്തെ കാരണം മീസിയോഡെൻസ് എന്നു പറയുന്ന സൂപ്പർ ന്യുമരറി ടൂത് അഥവാ എണ്ണ ത്തിൽ കൂടുതലായി കാണുന്ന മധ്യഭാഗത്തായി കാണപ്പെടുന്ന പല്ലാണ്. ചിലരിൽ ഇതു പുറത്തേക്ക് കാണപ്പെടും. കമ്പിയിരുന്നതിനു മുൻപ് ഈ കൂടുതലായി വന്നിട്ടുള്ള മീസിയോഡെൻസ് എന്ന പല്ല് എടുത്തു കളയേണ്ടതായി വരും. ചിലരിൽ കമ്പിയിട്ടു പല്ലുകൾക്കിടയിലുള്ള വിടവുകൾ എല്ലാം അടച്ചതിനു ശേഷവും മുടിനാര് വലുപ്പത്തിൽ നേർത്ത വിടവുകൾ അവശേഷിക്കാറുണ്ട്. ഇതിനു കാരണം പല്ലുകളുടെ ഘടനയിലുള്ള വ്യത്യാസമാണ്. ഇത് കമ്പി അഴിച്ചതിന് ശേഷം കോംബോസിറ്റ് എന്ന ഫില്ലിങ് മെറ്റീരിയൽ കൊണ്ടു അടക്കുകയോ പല്ലുകളുടെ സാധാരണ രൂപത്തിലുള്ള ക്രൗണ്/ ക്യാപ് / കവർ ഇടുകയോ ചെയ്ത് ശെരിപ്പെടുത്താവുന്നതാണ്. 8 വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ മേൽനിര മുൻപല്ലുകൾക്കിടയിൽ താത്കാലിക വിടവുകൾ കാണപ്പെടാറുണ്ട്. ഇതിന് പ്രത്യേകം ചിൽകിത്സ ആവശ്യം സാധാരണ വരാറില്ല. പുതിയ കോമ്പല്ലുകൾ മുളച്ചുവരുന്ന മുറയ്ക്ക് ഈ വിടവുകൾ സ്വാഭാവികമായും അടഞ്ഞു പോകാറാണ് പതിവ്. ഇതിനെ 'അഗ്ലി ഡക്ലിങ് സ്റ്റേജ് ' എന്നാണ് പറയാറ്.
-
എത്ര വയസ്സ് മുതലാണ് പല്ലിൽ കമ്പിയിടാറ്?പല്ലുകളിൽ സ്റ്റീലിന്റെ മുത്തുകൾ പോലുള്ള ബ്രാക്കറ്റുകൾ ഒട്ടിച്ച് കമ്പിയിട്ടു പല്ലുകൾ താഴ്ത്തുന്ന രീതിയാണ് പൊതുവെ 'കമ്പിയിടുക' എന്നത് കൊണ്ട് സാധാരണക്കാർ ഉദ്ദേശിക്കുന്നത്, ഇതിനെ ഫിക്സഡ് ഓർത്തോടൊന്റിക് അപ്ലയൻസ്/ ട്രീട്മെന്റ്(fixed orthodontic appliance/treatment) അല്ലെങ്കിൽ ഡെൻറൽ ബ്രേസസ് ( dental braces) എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ക്ലിപ്പുകൾ 10 വയസ്സ് മുതൽ തന്നെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ തരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിക്കുന്നതിനു മുൻപായി എല്ലുകളുടെ വളർച്ചാ വ്യതിയാനം ഉള്ളവരിൽ മറ്റുചില ക്ലിപ്പുകൾ ഉപയോഗിക്കേണ്ടതായി വന്നേക്കാം. പല്ല്മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരിൽ ഭൂരിഭാഗം ആളുകളിലും ചെറിയതോതിലെങ്കിലും താടിയെല്ലുകളുടെ വളർച്ചാവ്യതിയാനങ്ങൾ കാണാറുണ്ട്. വളർച്ചാഘട്ടത്തിൽ തന്നെ ഈ വളർച്ചവ്യതിയാനങ്ങൾ കൂടി ശെരിപ്പെടുത്തുകയാണെങ്കിൽ ഫേഷ്യൽ ഗ്രോത്ത് ബാലൻസ് കൈവരുത്തുവാനും അതുവഴി മുഖസൗന്ദര്യവും ഫേഷ്യൽ ഫീച്ചേഴ്സും മെച്ചപ്പെടുത്തുവാൻ സാധ്യമാണ്. കൂടാതെ ഒബ്സട്രാക്റ്റീവ് സ്ലീപ് അപ്നിയ( obstructive sleep apnea), കൂർക്കം വലി (snoring) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാനും സാധ്യമാണ്. ഓർത്തോടൊന്റിക് ചികിത്സാ വിഭാഗത്തിലെ ഒരു ചികിത്സാരീതി മാത്രമാണ് ഫിക്സെഡ് ഓർത്തോടൊന്റിക് ട്രീട്മെന്റ്. വേറെയും ഒരുപാട് പല്ലുകൾ സംബന്ധമായതും എല്ലുകൾ സംബന്ധമായതുമായ പ്രശ്നങ്ങൾ പരിഹരിക്കുവാനായുള്ള ധാരാളം അപ്ലൈൻസുകൾ(appliances) ഓർത്തോടൊന്റിക് ട്രീട്മെന്റിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ഹാബിറ്റ് ബ്രേക്കിങ് അപ്പ്ലെയ്ൻസ്(habit breaking appliance), എക്സ്പാൻഷൻ അപ്പ്ലെയ്ൻസ്(expansion appliance), മയോഫങ്ഷണൽ അപ്പ്ലെയ്ൻസ്(mayofunctional appliances), ഡന്റോ ഫേഷ്യൽ ഓർത്തോപീഡിക് അപ്ലെയ്ൻസ്(Dento-Facial Orthopedic appliance) തുടങ്ങിയവയാണവ. ശീലങ്ങൾ(habit) ശരിപ്പെടുത്താനുള്ള അപ്ലൈൻസുകൾ ആണ് ഹാബിറ്റ് ബ്രേക്കിംഗ് അപ്ലിയൻസ് (habit breaking appliance). ഇവ നാല് വയസ്സ് മുതൽ തന്നെ ഉപയോഗിച്ച് തുടങ്ങാറുണ്ട്. നാല് വയസ്സിനു ശേഷവും വിരൽ കുടിക്കുന്ന ശീലം(thumb sucking habit) ഉള്ളവരിൽ മുഖഅസ്തികളുടെ വളർച്ച യിൽ ഉണ്ടാവുന്ന അസന്തുലിതാവസ്ഥ ശരിപ്പെടുത്താൻ ഹാബിറ്റ് ബ്രെക്കിങ് അപ്പലയന്സുകൾ(habit breaking appliance) ഉപയോഗിച്ചു തുടങ്ങും. വായ തുറന്ന് ഉറങ്ങുന്ന കുട്ടികളിൽ ഉണ്ടാവുന്ന മുഖഅസ്തി വ്യതിയാനങ്ങൾ തടയുവാനും വായ് തുറന്ന് ഉറങ്ങുന്ന ശീലം (mouth breathing habit) മാറ്റുവാനും ഉപയോഗിക്കുന്ന അപ്പലയന്സുകൾ 5 - 6 വയസ്സുമുതൽ തന്നെ ഉപയോഗിച്ചു തുടങ്ങാറുണ്ട്. മേൽത്താടി എല്ലിന്റെ വളർച്ച കൂടുതലും കുറവും കീഴ് താടി എല്ലിന്റെ വളർച്ച കൂടുതലും കുറവും ഡെന്റൽ ആർച്ചിന്റെ വളർച്ച കുറവ്(constricted arch) തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് 7 - 8 വയസ്സുമുതൽ തന്നെ ചികിത്സ തുടങ്ങേണ്ടതായിട്ടുണ്ട്. മുറിച്ചുണ്ട് (cleft lip) മുറിയണ്ണാക്ക് (cleft palate) പ്രശ്നങ്ങൾ ഉള്ളവരിലും ചെറുപ്പം മുതൽ തന്നെ പല ക്ലിപ്പുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്.
-
വായ തുറന്ന് ഉറങ്ങാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?മൂക്കിലൂടെ ശരിയായ രീതിയിൽ ശ്വസിക്കാൻ കഴിയാത്തത് ആണ് കുട്ടികൾ വായ തുറന്ന് ഉറങ്ങാൻ കാരണം. ഇതിനെ മൗത് ബ്രീതിങ്(mouth breathing) എന്നു പറയും. വായ തുറന്ന് ഉറങ്ങുന്നതിനുള്ള കാരണങ്ങൾ, കുട്ടികളിൽ വളർച്ചാ ഘട്ടത്തിൽ കാണുന്ന അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം, മൂക്കിലെ ദശ വളർച്ച, മൂക്കിൻ്റെ പാലത്തിനുള്ള വളവ്, അടിക്കടിയുള്ള അലർജി മൂലം മൂക്കിനകത്തുണ്ടാകുന്ന ദശവീക്കം എന്നിവയൊക്കെയാണ്. ഒരു ENT സർജനെ കൻസൽട്ട് ചെയ്ത് ഇതിന്റെ യഥാർഥ കാരണം മനസ്സിലാക്കി അതിനുള്ള ചികിത്സ ചെയ്യേണ്ടതാണ്. മൂക്കിലൂടെയുള്ള ശ്വസനം ശെരിപ്പെടുത്തിയത്തിന് ശേഷവും വായിലൂടെ ശ്വാസിക്കുന്നതിനെയാണ് മൗത് ബ്രീത്തിങ് ഹാബിറ്റ് (mouth breathing habit) എന്ന് പറയുന്നത്. വളർച്ചാ ഘട്ടത്തിൽ ഉള്ള ഈ ശീലം നാക്കിന്റെ മുന്നോട്ടുള്ള തള്ളൽ കൂട്ടുവാനും തന്മൂലം താടിയെല്ലുകളിൽ വളർച്ചാ വ്യതിയാനമുണ്ടാവുകയും. പല്ലും മോണയും പൊന്തിയതായ് തീരാനും സാധ്യതയുണ്ട്. കുട്ടികളിലെ അഡിനോയിഡ് ഗ്രന്ഥിയുടെ ചെറിയ തോതിലുള്ള വീക്കം ചികിത്സയൊന്നും കൂടാതെ തന്നെ ചിലപ്പോ 14 വയസ്സ് കഴിയുമ്പോഴേക്കും തനിയെ മാറാറുണ്ട്. എന്നാൽ അത്രയും നാൾ വായ തുറന്നുള്ള ഉറക്കം കുട്ടിയുടെ മുഖ അസ്ഥികളുടെ സ്വാഭാവിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. ചില തരം ഹാബിറ്റ് ബ്രെക്കിങ് അപ്പലയന്സുകൾ(habit breaking appliance) ഉപയോഗിച്ച് ഈ പ്രശ്നം ചെറുപ്പത്തിലേ തന്നെ പരിഹരിക്കാവുന്നതാണ്.
-
എന്റെ 9 വയസ്സുള്ള മകൾക്ക് തൊണ്ട വേദന മൂലം ENT സർജനെ കാണിച്ചപ്പോൾ അഡിനോയിഡ് ഗ്രന്ഥി (adenoid gland) സർജറി ചെയ്ത് നീക്കണമെന്നും അതിന് ശേഷം 'അഡിനോയിഡ് ഫേഷീസ് ' ശെരിപ്പെടുത്തുവാൻ ഒരു ഓർത്തോഡോന്റിസ്റ്റിനെ കാണിക്കണം എന്നും പറഞ്ഞു. എന്താണ് ഈ അഡിനോയിഡ് ഫേഷീസ്?ജന്മനാൽ തന്നെ അഡിനോയിഡ് ഗ്രന്ഥിയുടെ വലിപ്പം കൂടി ഇരിക്കുന്ന കുട്ടികളിലും ഗ്രന്ഥിയിൽ ഇൻഫെക്ഷൻ അടിക്കടി വരാറുള്ള കുട്ടികളിലും അലർജി മൂലം അഡിനോയിഡ് ഗ്രന്ഥിയുടെ വലിപ്പം കൂടിയിരിക്കുന്ന കുട്ടികളിലും നേസൽ സ്പ്രേ, ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകൾ തുടങ്ങിയവ ഉപയോഗിച്ചിട്ടും ഫലം കാണാത്ത അവസ്ഥകളിലും സിവിയർ അഡിനോയ്ഡൈറ്റിസ് (severe adenoiditis) കണ്ടീഷനുകളിലും സർജറി ചെയ്തു അഡിനോയ്ഡ് ഗ്രന്ഥിയെ നീക്കം ചെയ്യുന്നതാണ് ശരിയായ രീതി. അഡിനോയിഡക്ടമി(adenoidectomy) എന്നാണ് ഈ സർജറിയുടെ പേര്. അഡിനോയിഡ് ഗ്രന്ഥിയുടെ വലിപ്പക്കൂടുതൽ മൂലം സ്വാഭാവികം ആയിട്ടുള്ള മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും വായിലൂടെ ശ്വസിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ വായിലൂടെ ശ്വസിക്കുന്ന കുട്ടികളിൽ നാവിന്റെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കും. നാവ് താടിയെല്ലുകളിൽ നൽകുന്ന മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസം മൂലവും മൂക്കിനകത്തുള്ള സ്വാഭാവിക വളർച്ചയെ പ്രതികൂലമായ് ബാധിക്കുന്ന അവസ്ഥ സംജാതമായകുന്നതുകൊണ്ടും മുഖത്തിന്റെ ആകൃതിയിൽ വരുന്ന വ്യത്യസ്തതയെയാണ് അല്ലെങ്കിൽ അങ്ങനെയുള്ള മുഖത്തിനെയാണ് അഡിനോയിഡ് ഫെഷീസ് (adenoid facies) എന്ന് പറയുന്നത്. മൂക്കിനുള്ളിലായിട്ടും വശങ്ങളിലായിട്ടും കാണുന്ന വായു അറകളിൽ ( para nasal sinuses) ഉത്പാദിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് വാതകം (nitrous oxide) നാം മൂക്കിലൂടെ ശ്വസിക്കുന്ന വായുവിലൂടെ ശരീരത്തിൽ എത്തുകയും, തലച്ചോർ, ഹൃദയം ഉൾപ്പെടെ മിക്കവാറും എല്ലാ അവയവങ്ങളിലും കൂടുതൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ വായിലൂടെ ശ്വസിക്കുന്ന ഒരാൾക്ക് നൈട്രസ് ഓക്സൈഡ് വായുവുമായി കൂടിച്ചേരുന്നത് നടക്കാതിരിക്കുകയും ആളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ചു വളർച്ചാ ഘട്ടത്തിൽ ഇത് തലച്ചോറിന്റെ ശരിയായ വളർച്ചയെ ബാധിക്കാനും I Q കുറയുവാനും കാരണമാകും എന്നു പഠനങ്ങൾ തെളിയിക്കുന്നു. ഉണർവില്ലാത്ത കണ്ണുകൾ, വലുപ്പം കുറഞ്ഞ മൂക്കിലെ ശ്വസന ദ്വാരങ്ങൾ, എപ്പോഴും വായ് ചെറിയതോതിലെങ്കിലും തുറന്നിരിക്കുന്ന അവസ്ഥ, വായുടെ മേൽഭാഗം കൂടുതൽ മുകളിലോട്ട് ഉയർന്നിരിക്കുന്ന അവസ്ഥ (high arched palate), ' V ' ആകൃതിയിൽ കാണുന്ന ഡെന്റൽ ആർച്, മുന്നോട്ട് തള്ളിയിരിക്കുന്ന പല്ലുകൾ, ചിരിക്കുമ്പോൾ മുന്നിലെ മോണ കാണുന്ന അവസ്ഥ. നിര തെറ്റിയിരിക്കുന്ന പല്ലുകൾ, എന്നിവയെല്ലാം അഡിനോയിഡ് ഫേഷീസിൽ കാണുന്ന ചില ലക്ഷണങ്ങളാണ്. ഈ കാണുന്ന ലക്ഷണങ്ങൾ പരിഹരിക്കുവാൻ കുട്ടിയുടെ വളർച്ച ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളിൽ സാധാരണ 13 വയസ്സിന് മുൻപോ ആൺകുട്ടികളിൽ 15 വയസ്സിനു മുൻപായിട്ടോ ചികിത്സ തുടങ്ങേണ്ടതാണ്. എത്രയും നേരത്തെ ചികിത്സ തുടങ്ങാൻ സാധിക്കുന്നുവൊ അത്രയും കൂടുതൽ ചികിത്സാ ഫലം ലഭിക്കുന്നതാണ്. അപ്ലൈൻസ്കൾ ഉപയോഗിച്ച് പരിപൂർണ്ണമായി ശരി പെടുത്തുവാൻ കഴിയാത്ത അവസ്ഥകളിൽ ഫേഷ്യൽ ഓർത്തോഗ്നാത്തിക് സർജറിയിലൂടെ മാത്രമേ ഈ പ്രശ്നത്തെ ശരിപ്പെടുത്താൻ സാധിക്കുകയുള്ളൂ.
-
വായ തുറന്നുള്ള ഉറക്കം നിർബന്ധമായും ചികിത്സയെടുക്കേണ്ട ഒരു പ്രശ്നമാണോ? ചികിത്സയെടുത്തില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം?പലരും നിസ്സാരമായി കാണുന്ന വായ് തുറന്നുള്ള ഉറക്കം, നിർബന്ധമായും ചികിത്സയെടുക്കേണ്ട ഒരു മെഡിക്കൽ കണ്ടീഷൻ ആണ്. താത്കാലികമായി മൂക്കടപ്പ് മൂലം ഉണ്ടാകുന്ന വായ് തുറന്നുള്ള ഉറക്കം മൂക്കടപ്പ് മാറുന്നതോട് കൂടി മാറുകയാണെങ്കിൽ അതൊരു പ്രശ്നമുള്ള കാര്യമല്ല. സ്ഥിരമായി വായിലൂടെ ശ്വാസിക്കുന്നവരിൽ ആണ് അത് ഒരു നിർബന്ധമായും ചികിത്സയെടുക്കേണ്ട ഒരു അവസ്ഥയാണെന്നു പറയുന്നത്. എത്ര ശതമാനം വായു വായിലൂടെ ശ്വസിക്കുന്നു എന്നതിനെയും വായിലൂടെ ശ്വസിക്കാനുള്ള കാരണത്തെയും (Q 8 വായിക്കുക) അടിസ്ഥാനപ്പെടുത്തി പ്രശ്‌നങ്ങളുടെ തീവ്രത വ്യത്യാസപ്പെടും. ഉറക്കത്തിൽ മാത്രം ചെറിയ തോതിൽ വായിലൂടെ ശ്വസിക്കുന്നവർ, വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കുന്നവർ, ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും വായിലൂടെ ശ്വസിക്കുന്നവർ, ഇങ്ങനെ വായിലൂടെ ശ്വസിക്കുന്ന രീതിയിൽ തന്നെ വ്യത്യാസങ്ങൾ കാണപ്പെടുന്നു. ഇതനുസരിച്ചു ഇതുമൂലം ഉണ്ടാവുന്ന പ്രശ്നങ്ങളുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ചികിത്സയെടുത്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, അഡിനോയിഡ് ഫിഷിസ് (Q 9 വായിക്കുക), ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഡ്രൈനസ്സും അതുമൂലം ഉണ്ടാകുന്ന നീർക്കെട്ടും, തൊണ്ടയിൽ ഉണ്ടാകുന്ന ഡ്രൈനസ് കൊണ്ടുണ്ടാകുന്ന തൊണ്ടവീക്കം, മോണയും പല്ലും മുന്നോട്ട് പൊന്തൽ, വായിലെ ഉമിനീര് ഉണങ്ങി പോകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളായ മോണവീക്കം (gingivitis), പല്ലിന് കേട് വരാനുള്ള സാധ്യത, വായ്‌നാറ്റം എന്നിവ ഉണ്ടാകാം. കൂടാതെ ഉണർവ്വ് ഇല്ലായ്മ, കുട്ടികളിൽ I Q കുറയുക, ഏകാഗ്രത കുറയുക, വളർച്ച കുറയുക, ഉറക്കത്തിൽ ഉണ്ടാവുന്ന അസ്വാസ്ത്യങ്ങൾ, പഠന വൈകല്യങ്ങൾ, പകൽ സമയത്തുള്ള ക്ഷീണം, അടിക്കടിയുണ്ടാകുന്ന തൊണ്ട, ചെവി എന്നിവയുടെ ഇൻഫെക്ഷൻ തുടങ്ങിയവയെല്ലാം ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ്. വായ് തുറന്നുറങ്ങുന്നവരിൽ സ്ലീപ് സൈക്കിളിൽ വരുന്ന വ്യത്യാസം കുട്ടികളിൽ ഒരു വലിയ പ്രശ്നമാണ്. 90 - 120 മിനിറ്റുകളാണ് ഓരോ സ്ലീപ് സെക്കളും. ഓരോ സ്ലീപ് സെക്കളിലും നാല് ഘട്ടങ്ങളാണ് ഉള്ളത്. NREM stage 1, NREM stage 2, NREM stage 3, REM എന്നിവയാണവ. ഈ നാല് ഘട്ടങ്ങളിൽ NREM stage 3 യിലാണ് ഡീപ് സ്ലീപ് അഥവാ ഗാഢ നിദ്ര ഉണ്ടാവുന്നത്. വളർച്ചാ ഹോർമോൺ ആയ ഗ്രോത് ഹോർമോൺ ഒരു വലിയ ശതമാനം ഉത്പാദിപ്പിക്കപ്പെടുന്നതും ഈ NREM stage 3 യിലാണ്. വായ് തുറന്നു ഉറങ്ങുന്ന ശീലമുള്ളവരിൽ സാധാരണയായി 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ നീണ്ടു നിൽക്കേണ്ട ഈ stage ന്റെ ദൈർഘ്യം കുറയുകയും തന്മൂലം ഗ്രോത് ഹോർമോൺ ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇത് വളരുന്ന കുട്ടിയുടെ ശാരീരിക - മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
-
ചെറിയ കുട്ടികളിൽ ക്ലിപ്പിടുന്നത് എത്രത്തോളം ഫലപ്രദമാണ്?ചെറിയ കുട്ടികളിൽ പലതരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിക്കാറുണ്ട് ( Q 7 വായിക്കുക). വായിൽ ഉറപ്പിച്ച് വെയ്ക്കുന്ന തരത്തിലുള്ള ഫിക്സഡ് ഓർത്തോടൊന്റിക് ക്ലിപ്പുകളും എടുത്ത് മാറ്റാൻ കഴിയുന്ന തരത്തിലുള്ള റിമൂവബിൾ ഓർത്തോടൊന്റിക് ക്ലിപ്പുകളും. ഇതിൽ ഫിക്സഡ് ഓർത്തോടൊന്റിക് ചികിത്സകൾ സാധാരണ ഗതിയിൽ 100 ശതമാനം ചികിത്സാ വിജയം കാണിക്കാറുണ്ട്. മിക്കവാറും ചെറിയ കുട്ടികളിൽ ഉപയോഗിക്കുന്ന ഹാബിറ്റ് ബ്രെക്കിങ് ക്ലിപ്പുകളൊക്കെ ഫിക്സഡ് തരത്തിലുള്ളതായിരിക്കും. വായ തുറന്ന് ഉറങ്ങുന്ന ശീലം മാറ്റുവാനുള്ള ക്ലിപ്പുകളും എടുത്ത് മാറ്റാൻ പറ്റുന്ന തരത്തിലുള്ളതാണെങ്കിൽ കൂടി താരതമ്യേന കുട്ടികൾക്ക് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ക്ലിപ്പുകൾ അല്ലാത്തത് കൊണ്ട് ഉപയോഗിക്കാൻ കുട്ടികൾ മടി കാണിക്കാറില്ല. അതുപോലെ തന്നെ മുഖഅസ്തികളുടെ വളർച്ച ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ക്ലിപ്പുകളും പൊതുവിൽ വേദന ഉണ്ടാക്കാത്ത ക്ലിപ്പുകൾ ആയതുകൊണ്ടും ദിവസം മുഴുവൻ ഉപയോഗിക്കേണ്ടതില്ലാത്തത് കൊണ്ടും കുട്ടികൾ പൊതുവിൽ ഉപയോഗിക്കാൻ മടി കാണിക്കാറില്ല. കുട്ടികളുടെ സഹകരണം ആവശ്യമായി വരുന്ന ചില റിമൂവബിൾ ക്ലിപ്പുകളുടെ ഗുണം അതിന്റെ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. റിമൂവബിൾ എക്സ്പാൻഷൻ ക്ലിപ്പുകൾ, ട്വിൻ ബ്ലോക്ക് ക്ലിപ്പുകൾ തുടങ്ങിയവയ്ക്ക് (8 വയസ്സ് മുതലുള്ള കുട്ടികളിൽ ഉപയോഗിക്കുന്നു) ചികിത്സയുടെ പ്രാരംഭ ഘട്ടങ്ങളിൽ കുട്ടിയുടെ സഹകരണം ആവശ്യമാണ്. മാനസിക വളർച്ച കുറഞ്ഞ കുട്ടികളിലും ഹൈപ്പർ ആക്റ്റീവ് ഡെഫിസിറ്റ് പ്രശ്നങ്ങൾ ഉള്ള കുട്ടികളിലും എടുത്തു മാറ്റി ഉപയോഗിക്കുന്ന ക്ലിപ്പുകളുടെ വിജയ സാധ്യത പ്രവചിക്കാൻ കഴിയില്ല. എടുത്ത് മാറ്റി ഉപയോഗിക്കുന്ന മിക്കവാറും ക്ലിപ്പുകൾ ഉറപ്പിച്ചു വെയ്ക്കാനും കഴിയുന്നവയും കൂടിയാണ്. ചികിത്സയോട് സഹകരിക്കാത്ത കുട്ടികൾക്ക് ഇതേ ക്ലിപ്പുകൾ തന്നെ ഉറപ്പിച്ചും വെച്ച് കൊടുക്കാൻ കഴിയും. എന്നാൽ ഇങ്ങനുള്ള അവസ്ഥകളിൽ മോണവീക്കത്തിനുള്ള സാധ്യതയും വായ്നാറ്റത്തിനുള്ള സാധ്യതയും കൂടും. ഡെന്റൽ ബ്രേസസ് ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം പല്ലുകളിൽ ഒട്ടിച്ചിട്ടുള്ള ബ്രാക്കറ്റുകൾ (കട്ടകൾ/മുത്തുകൾ) പൊട്ടിപ്പോകാതെ സൂക്ഷിക്കുക എന്നുള്ളതാണ്. കട്ടിയുള്ള ഭക്ഷണങ്ങൾ കഴിച്ച് ഈ ബ്രാക്കറ്റുകൾ പൊട്ടുകയാണെങ്കിൽ അത് ചികിത്സാകാലാവധി വളരെയധികം നീണ്ടുപോവാൻ ഇടയാക്കും. കൂടാതെ ചികിത്സാ ഗുണത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
-
എത്ര പ്രായം വരെ കമ്പിയിടാൻ കഴിയും?ആദ്യം കുട്ടികളിൽ ഉപയോഗിക്കുന്ന മുഖവളർച്ചയെ ശെരിപ്പെടുത്തുന്ന ഓർത്തോപീഡിക് ക്ലിപ്പുകളെ കുറിച്ചു പറയാം. കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ ആണ് ഓർത്തോപീഡിക് ക്ലിപ്പുകൾ ഉപയോഗിക്കുക. വളർച്ചാ ഘട്ടമെന്നു പറയുമ്പോൾ, ത്വരിതഗതി യിൽ മുഖ അസ്ഥികളുടെ വളർച്ച നടക്കുന്ന പ്രായത്തിൽ. പെണ്കുട്ടികളിൽ ആർത്തവം ആദ്യമായി തുടങ്ങുന്നതിന് മുന്പായിട്ടും ആണ്കുട്ടികളിൽ ഏകദേശം 15 വയസ്സിനു മുന്പായിട്ടും വേണം ഓർത്തോപീഡിക് ക്ലിപ്പുകൾ ഉപയോഗിക്കാൻ. എങ്കിൽ മാത്രമേ 100 ശതമാനം ഈ ക്ലിപ്പുകളുടെ ഗുണം ലഭിക്കുകയുള്ളൂ. ഈ പ്രായത്തിനു ശേഷവും ഓർത്തോപീഡിക് ക്ലിപ്പുകൾ ഉപയോഗിക്കാം എന്നാൽ 100 ശതമാനം അതിന്റെ ഉപയോഗം ലഭിക്കണമെന്നില്ല. ഹാബിറ്റ് ബ്രെക്കിങ് ക്ലിപ്പുകളും ഇതുപോലെ വലർച്ചാ ഘട്ടത്തിൽ ഉപയോഗിച്ചാൽ മാത്രമേ പരിപൂർണ്ണമായ ഗുണം ഉറപ്പിക്കാൻ കഴിയുകയുള്ളൂ. കീഴ്ത്താടി എല്ലിന്റെ വളർച്ച ക്രമീകരിക്കുവാനുള്ള ട്വിൻ ബ്ലോക്ക് പോലുള്ള ക്ലിപ്പുകൾ വളർച്ചാഘട്ടത്തിന് ശേഷവും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതു താടിയെല്ലിന്റെ സന്ധികളിൽ മാറ്റം ഉണ്ടാക്കുന്നതിന് പകരം പല്ലുമായ് ചേർന്നുള്ള എല്ലുകളിൽ ആണ് മാറ്റങ്ങൾ കൊണ്ടുവരിക. അടുത്തത് ഡെന്റൽ ബ്രെസസ് അല്ലെങ്കിൽ ഫിക്സഡ് ഓർത്തോഡോന്റിക് ചികിത്സയെ കുറിച്ച് പറയാം. ഇത് ഉപയോഗിക്കാൻ പ്രത്യേകിച്ചു് പ്രായ പരിധിയില്ല. കുട്ടികളിൽ ഇത് ഉപയോഗിച്ച് തുടങ്ങുന്നത് സാധാരണയായി 10 വയസ്സിന് ശേഷമാണ്. എന്നാൽ ചില അവസ്ഥകളിൽ 8 വയസ്സ് മുതൽ തന്നെ ബ്രെസസ് ഇടേണ്ട അവസ്ഥകളും ഉണ്ടാവാറുണ്ട്. ( Q 11 വായിക്കുക ) മുതിർന്നവരിൽ ബ്രെസസ് ഇടുന്നതിനു മുന്പായിട്ടു കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. OPG xray നിർബന്ധമായും പഠന വിധേയം ആക്കണം. ( Q _ വായിക്കുക) ഇതിൽ നിന്നും പല്ലുകൾക്ക് എല്ലുകളുടെ സപ്പോർട്ട് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എല്ലുകളുടെ സപ്പോർട്ട് കുറവായിട്ടുള്ള മോണ രോഗമുള്ള അവസ്ഥകളിൽ പല്ലിൽ കമ്പി ഇടുന്നത് ഒരു പക്ഷെ മോണ രോഗം മൂർച്ചിക്കാൻ കാരണം ആയേക്കാം. (എന്നാൽ ചിലരിൽ വായിലെ ചിലഭാഗങ്ങളിൽ ഉണ്ടാകുന്ന ചിലപ്രത്യേകതരം മോണ രോഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പല്ലിന്റെ എല്ലുമായുള്ള സപ്പോർട്ട് ഇല്ലായ്ക ക്ലിപ്പ് ഉപയോഗിച്ച് ഇൻട്രൂഷൻ(intrusion) ചെയ്തു കൊണ്ട് കൂട്ടിയെടുക്കുവാനും അതുവഴി ആ പ്രശ്നത്തെ ശരിപ്പെടുത്തുവാനും സാധ്യമാണ്). ടൈപ്പ് 2 ഡയബറ്റിസ് അല്ലെങ്കിൽ ഷുഗർ രോഗം ഉള്ളവരിൽ ക്ലിപ്പിടുന്നതിന് മുൻപായി Hb A1c പരിശോധിച്ച് 6 ശതമാനത്തിൽ താഴെയാണെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. കണ്ട്രോൾഡ് അല്ലാത്ത അവസ്ഥകളിൽ ക്ലിപ്പ് ഇടാൻ കഴിയുന്നതല്ല. ഷുഗർ രോഗം ഉള്ളവരിൽ ക്ലിപ്പ് ഇടുന്നത് മോണ രോഗം ഉണ്ടാവാൻ ഒരു കാരണം ആയേക്കാം. മാതാപിതാക്കൾക്ക് ടൈപ്പ് 2 ഷുഗർ ഉള്ളവർ ക്ലിപ്പ് ഇടുന്ന സമയത്ത് ഷുഗർ ഇല്ലെങ്കിൽ കൂടി രണ്ടു മാസം കൂടുമ്പോഴെങ്കിലും ഷുഗർ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഇതുവഴി തുടക്കത്തിൽ തന്നെ ഡയബറ്റിസ് വരികയാണെങ്കിൽ ചികിത്സയെടുത്ത് അതു മൂർച്ചിക്കാതെ നോക്കാൻ കഴിയും. പല്ലുകളെ സപ്പോർട്ട് ചെയ്യുവാൻ ആരോഗ്യമുള്ള എല്ലുകൾ ഉള്ളിടത്തോളം ഏതു പ്രായത്തിലും കമ്പി ഇടുന്നതിന് പ്രശ്നമില്ല. എന്നാൽ ചില മെഡിക്കൽ കണ്ടീഷനുകളിലും എല്ലു സംബന്ധമായ ചില അസുഖങ്ങളും ഉള്ളവരിലും ക്ലിപ്പ് ഇടാൻ സാധ്യമല്ല. ( Q _ വായിക്കുക) Opg xray യിലൂടെയും ചില മെഡിക്കൽ ടെസ്റ്റുകളിലൂടെയും നിങ്ങളുടെ എല്ലുകളുടെയും പൊതുവിലുള്ളതുമായിട്ടുള്ള ആരോഗ്യം വിലയിരുത്തിയതിന് ശേഷം കമ്പി ഇടാവുന്നതാണ്. മുതിർന്നവരിൽ ചെയ്യുന്ന ഓർത്തോടൊന്റിക് ചികിത്സ രീതിയെ അഡൽറ്റ്സ് ഓർത്തോടൊന്റിക് തെറാപ്പി(adult's orthodontic therapy) എന്നാണ് പറയുക. പ്രായം കുറഞ്ഞവരിൽ ചെയ്യുന്ന ചികിത്സാ രീതിയിൽ നിന്നും ചെറിയ വ്യത്യസ്തത അഡൽറ്റ്സ് ഓർത്തോടൊന്റിക് ചികിത്സാ രീതിയിൽ ഉണ്ടായിരിക്കും. കൂടാതെ ചികിത്സ കാലദൈർഖ്യം കുട്ടികളിൽ എടുക്കുന്നതിനെക്കാൾ കൂടുതലായിരിക്കും അഡൽറ്റ്സ് ഓർത്തോടൊന്റിക് ചികിത്സാ രീതിയിൽ.
-
ഗർഭിണികൾക്ക് കമ്പിയിടുന്നത് കൊണ്ട് പ്രശ്നമുണ്ടോ?ഗർഭിണിയായിരിക്കുമ്പോൾ കമ്പിയിടാതിരിക്കുന്നതാണ് നല്ലത്. ഇതിന് പലകാരണങ്ങളുണ്ട്, ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനം ചിലരിൽ മോണകളിലും എല്ലുകളിലും ചില മാറ്റങ്ങൾ ഉണ്ടാക്കുകയും തന്മൂലം പല്ലുകളുടെ നീക്കം കൂടുതൽ സമയമെടുക്കുവാനും സാധ്യതയേറെയാണ്. ഗർഭാവസ്ഥയിൽ മോണകളിൽ ഉണ്ടാവാനിടയുള്ള ദശവളർച്ചയും ഓർത്തോഡോൻ്റിക് ചികിൽസാ കാലാവധിയെ പ്രതികൂലമായി ബാധിച്ചേക്കാം. അമിതമായ് ഛർദ്ദി ഉള്ളവരിൽ ചർദ്ദിച്ചതിനു ശേഷം ആൽക്കലൈൻ/ ഫ്ലൂറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകിയിട്ടില്ലായെങ്കിൽ കേടുവരാനുള്ള സാധ്യതയും ഇനാമൽ ദ്രവിക്കാനുള്ള സാധ്യതയും വളരെ അധികമാണ്. കൂടാതെ മാസാമാസമുള്ള അപ്പോൻ്റ്മെൻ്റ് ( എല്ലാമാസവും ആക്ടിവേഷൻ/ടൈറ്റിനിങ് ചെയ്യേണ്ട തരം ക്ലിപ്പ് ആണെങ്കിൽ ) മുടങ്ങാനുള്ള സാധ്യതയും കൂടുതലാണ്.
-
പല്ലിൽ കമ്പിയിട്ടതിനു ശേഷം ഗർഭിണിയായാൽ ക്ലിപ് അഴിക്കേണ്ട ആവശ്യമുണ്ടോ?ഇല്ല. ചികിത്സ തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പരിപാലനം പല്ലുകൾക്കും കമ്പികൾക്കും നൽകിക്കൊണ്ട് ചികിത്സ തുടരാവുന്നതാണ്.
-
പല്ലിൽ കമ്പിയുള്ളപ്പോൾ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?ഇൻഫെർട്ടിലിറ്റി ചികിത്സ വഴി ഗർഭം ധരിച്ചവർക്കും ഗർഭാവസ്ഥയിൽ സങ്കീർണതകൾ പ്രതീക്ഷിക്കുന്നവർക്കും നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് ബെഡ് റെസ്റ്റ് നിര്ധേഷിക്കാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങനെയുള്ളവർക്ക് ഒന്നുകിൽ ക്ലിപ്പ് ഒഴിവാക്കി റീറ്റെയ്നർ ( Q_ വായിക്കുക ) ഉപയോഗിക്കാവുന്നതാണ്. പ്രസവത്തിനു ശേഷം വീണ്ടും ബ്രേസസ്/ഫിക്സഡ് ഓർത്തോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ഓർത്തോടൊന്റിസ്റ്റിനോട് പറഞ് ഓർത്തോടൊന്റിക് ചികിത്സ പാസ്സീവ് മോഡിലേക്ക് (താത്കാലികമായി ചികിത്സ നിർത്തുകയും എന്നാൽ ക്ലിപ്പ് വായിൽ നിന്ന് മാറ്റാതെ നിലനിർത്തുന്നതിന് ചെയ്യുന്ന പ്രത്യേക രീതി) മാറ്റുവാൻ ആവശ്യപ്പെടാവുന്നതാണ്. ഇതുവഴി മാസാമാസം വീണ്ടുന്ന ആക്ടിവേഷൻ/ ടൈറ്റാനിങ് / കമ്പി മുറുക്കൽ താത്കാലികമായി പ്രസവം തീരുന്നത് വരെ നിർത്തിവെക്കാൻ കഴിയുന്നതാണ്. എന്നാൽ ക്ലിപ്പുകൾ പൊട്ടാതെ നോക്കേണ്ടത് ഇതിൽ വളരെ അത്യാവശ്യമാണ്. കൂടാതെ ക്ളീനിംഗ് വളരെ നല്ലരീതിയിൽ ചെയ്ത് സൂക്ഷിക്കുകയും വേണം. സാധാരണ രീതിയിൽ ചികിത്സ തുടരുന്ന ഗർഭിണികളിലും ശരിയായ ക്ളീനിംഗ് വഴി പല്ലുകളിൽ കാൽകുലസ് അഥവാ പ്ലാക് അടിഞ്ഞു കൂടുവാൻ അനുവദിക്കാതിരിക്കുന്നത് വഴി മോണയിൽ ഇൻഫെക്ഷൻ വരുന്നത് തടയാവുന്നതാണ്. ഗർഭകാലത്ത് ചിലർക്ക് ഉണ്ടാകുന്ന ഡയബറ്റിസിന് (gestational diabetes) വേണ്ടരീതിയിലുള്ള മെഡിസിൻ/ ഇന്സുലിൻ ചികിത്സ എടുത്ത് ഡയബറ്റിസിന്റെ ദോഷവശങ്ങളും ഇല്ലാതാക്കാവുന്നതാണ്. ഗർഭാവസ്ഥയിൽ ചർധിക്കുന്നവരുടെ വായിൽ വരുന്ന അസിഡിക് ദഹനരസങ്ങൾ പല്ലുകളെ ദ്രവിപ്പിക്കാൻ കഴിവുള്ളവയാണ്. ചർദ്ദിച്ചയുടനെ ടൂത്ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കുന്നത് പല്ലുകളിൽ തേയ്മാനം വരുവാൻ കാരണമാവും. അതുകൊണ്ടു ചർധിച്ചയുടനെ പല്ലു തേക്കുന്നത് ഒഴിവാക്കുക. കൂടാതെ ചർദ്ദിച്ചതിനു ശേഷം വെള്ളം മാത്രം ഉപയോഗിച്ച് വായ് കഴുകിയത് കൊണ്ടു മാത്രം പല്ലുകളിൽ പറ്റിയിരിക്കുന്ന ഈ അസിഡിക് ദഹനരസങ്ങൾ ക്ളീൻ ആകണമെന്നില്ല. ഈ അസിഡിക് അവസ്ഥയെ നിർവീര്യമാക്കി പല്ലുകളെ സംരക്ഷിക്കാൻ *ആൽകലൈൻ മൗത് വാഷ് ഉപയോഗിച്ച് വായ് കഴുകുക. കൂടാതെ പല്ലിൽ കേട് വരുന്നത് തടയാൻ എല്ലാ ദിവസവും ഫ്ളൂറൈഡ് മൗത് വാഷ് നിർബന്ധമായും രാവിലെയും രാത്രിയും ഭക്ഷണത്തിന് ശേഷം ഉപയോഗിക്കുക. *ആൽകലൈൻ മൗത് വാഷ് : വീട്ടിൽ ഉണ്ടാക്കുവാൻ ഒരു കപ്പ് വെള്ളത്തിൽ കാൽ ടീ സ്പൂണ് ബേക്കിങ് സോഡാ/സോഡാപ്പൊടി ഇട്ട് അലിയിപ്പിച്ചതിന് ശേഷം അത് ഉപയോഗിച്ച് വായ് കഴുകുക. പല്ലുകൾക്കിടയിലൂടെയും കമ്പികൾക്കിടയിലൂടെയും വെള്ളം പരമാവധി കടന്നു പോകുന്ന തരത്തിൽ നല്ലവണ്ണം വായ് കഴുകുക.
-
ഏതൊക്കെ അവസ്ഥകളിലാണ് കമ്പി ഇടുന്നതിനായി പല്ല് പറിക്കേണ്ടി വരാറുള്ളത്?(Q 4, Q 5, Q 6 വായിക്കുക) പല്ലുകൾ മുൻപിലേക്ക് പൊങ്ങി നിൽക്കുന്ന അവസ്ഥയിലും പല്ലുകൾ നിരതെറ്റിയുള്ള അവസ്ഥയിലും ആണ് സാധാരണയായി കമ്പി ഇടുന്നതിന് മുൻപ് പല്ല് പറിക്കേണ്ടി വരാറുള്ളത്. കൂടാതെ സൂപ്പർ നൂമരറി ടൂത് (സാധാരണ എണ്ണത്തെക്കാൾ കൂടുതലായി വായിൽ കാണുന്ന പല്ലുകൾ ), എല്ലിൽ കുടുങ്ങി പരിപൂർണമായി പുറത്ത് വരാൻ കഴിയാത്ത വിസ്ഡം ടൂത് എന്നിവയും എടുത്തു കളയേണ്ടതായി വരാറുണ്ട്. പുറത്തേക്കു മുളയ്ക്കാതെ എല്ലിന്റെ അകത്തു കുടുങ്ങിയിരിക്കുന്ന കോമ്പല്ലുകളും (canine tooth) കമ്പിയിട്ടു പുറത്ത് കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ സർജറി ചെയ്തു നീക്കം ചെയ്യാൻ നിര്ധേഷിക്കാറുണ്ട്.
-
എന്റെ പല്ല് പൊങ്ങിയിട്ടുമുണ്ട് പല്ലുകൾക്കിടയിൽ വിടവുകളും ഉണ്ട്. എന്റെ ഓർത്തോടൊന്റിസ്റ് എന്നോട് പറഞ്ഞത് കമ്പിയിട്ടു കുറച്ചു മാസങ്ങൾക്ക് ശേഷം പല്ലെടുത്താൽ മതിയെന്നാണ്. അതെന്തുകൊണ്ടാണ് അങ്ങനെ?പല്ലുകളിൽ വിടവുകൾ ഉള്ളവരിൽ കമ്പിയിട്ടു വിടവുകൾ അടക്കുന്നതിനോടൊപ്പം തന്നെ പൊങ്ങിയ പല്ലുകളും താഴാറുണ്ട്. വിടവുകൾ പൂർണമായും അടഞ്ഞതിന് ശേഷവും പല്ല് പൊങ്ങിയതായുള്ള തോന്നൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതേ കമ്പിയെ നിലനിർത്തിക്കൊണ്ടുതന്നെ പല്ലുകൾ എടുത്ത് അതേ ക്ലിപ് ഉപയോഗിച്ച് പല്ലുകളെ അകത്തേക്ക് കൊണ്ടുപോകാവുന്നതാണ്. ചെറിയ തോതിലുള്ള നിരതെറ്റിയ പല്ലുകൾ ക്ലിപ്പ് ഇട്ട് ശെരിപ്പെടുത്തുമ്പോഴും തുടക്കത്തിലെതന്നെ പല്ലെടുക്കാതെ ക്ലിപ് ഇടാറുണ്ട്. നിരതെറ്റൽ ശെരിയായതിന് ശേഷവും പല്ലുപൊങ്ങിയിരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ പല്ലെടുത്ത് ചികിത്സ തുടരാവുന്നതാണ്.
-
കമ്പി ഇടുവാനായി ഒരു പ്രശ്നവും ഇല്ലാത്ത പല്ലുകൾ പറിക്കുന്നത് ഭാവിയിൽ തലവേദനയുണ്ടാക്കും എന്നു ചിലർ പറയുന്നു. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?ഇതു തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണ്. പലനാടുകളിലും പല്ല് പറിക്കുന്നതുമായി ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും ഈ കാലഘട്ടത്തിലും നിലനിൽക്കുന്നുണ്ട്. പല്ല് പറിച്ചാൽ കണ്ണിന്റെ കാഴ്ച്ച പോകും എന്ന് വരെ വിശ്വസിക്കുന്ന ആളുകൾ കേരളത്തിന് പുറത്തുള്ള പല സംസ്ഥാനങ്ങളിലും ഉണ്ട്. കമ്പി ഇടുന്നതും തലവേദന ഉണ്ടാവുന്നതുമായി ഒരു ബന്ധവും ഇല്ല. എന്നാൽ ക്രമം തെറ്റിയിരിക്കുന്ന പല്ലുകൾ ഇരുവശങ്ങളിലും ശരിയായ കടി () നൽകാത്തത് മൂലം ചിലരിൽ താടിയെല്ലുകളുടെ സന്ധികളിൽ ഉണ്ടാവുന്ന അസ്വാഭാവിക മർദ്ദം താടിയെല്ലുകളുടെ സന്ധികളിൽ വേദനയുണ്ടാക്കുകയും ഈ സന്ധിവേദന തലവേദനയായി പരിണമിക്കാറുമുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല്ലെടുത്ത് കൊണ്ട് കമ്പിയിട്ടു പല്ലുകളെ ശരിയായ കടിയിലേക്ക് (Proper Occlusion) കൊണ്ടുവരുന്നത് വഴി താടിയുടെ സന്ധികളിലേക്ക് വരുന്ന അസ്വാഭാവിക മർദ്ദം കുറച്ച് കൊണ്ടുവന്ന് സന്ധികളിൽ വേദനയും അതുമൂലം ഉണ്ടാകുന്ന തലവേദനയും പ്രശ്‌നത്തിന്റെ തീവ്രത അനുസരിച്ച് ഇല്ലാതാക്കുവാനോ കുറക്കാനോ മൂർച്ഛിക്കുന്നത് തടയാനോ സാധ്യമാണ്. സൗന്ദര്യ വർധനവിന് മാത്രമല്ല, ഇതുപോലുള്ള സന്ധികളുടെ വേദനയുടെയും മറ്റ് പ്രശ്നങ്ങളുടെയും പരിഹാരത്തിനായുള്ള ചികിൽസാരീതിയായിട്ടും പല്ലിൽ കമ്പി ഇടേണ്ടി വരാറുണ്ട്. പല്ലുപറിച്ചു കളയുന്നതും തലവേദനയുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെങ്കിലും വളഞ്ഞ വഴിയിൽ ഒരു ബന്ധമുണ്ട്. ഈ വളഞ്ഞ വഴിക്ക് കമ്പി ഇടുന്നതുമായി ഒരു ബന്ധവുമില്ല. വായുടെ പുറകിലുള്ള വലിയ അണപ്പല്ലുകളും ചെറിയ അണപല്ലുകളുമാണ് ഭക്ഷണം ചവച്ചരക്കാൻ ഉപയോഗിക്കുന്നത് (എട്ടാമത്തെ അണപ്പല്ല് / വിസ്ഡം ടൂത് ഭൂരിഭാഗം ആളുകളിലും ചവചരക്കാൻ ഉപയോഗപ്പെടാറില്ല) വായുടെ ഒരു വശത്തു നിന്നോ ഇരുവശത്തു നിന്നോ മുകളിൽ നിന്നോ താഴെയിൽ നിന്നോ രണ്ടു ഭാഗത്തു നിന്നുമോ ഇതിൽ ഏതെങ്കിലും പല്ലോ പല്ലുകളോ കേട് ബാധിച്ചിട്ടൊ മോണ രോഗം ബാധിച്ചിട്ടൊ പറിച്ചു കളയേണ്ടി വരികയാണെങ്കിൽ, ഏതെങ്കിലും ഒരു വശം വെച്ച് ഭക്ഷണം ചവയ്ക്കുന്നശീല മുണ്ടാകുകയോ അസ്വാഭാവികമായ് കടിക്കാൻ തുടങ്ങുകയോ ചെയ്യുന്നു. കടിക്കുന്ന രീതിയിൽ വരുന്ന ഈ വ്യത്യാസം താടിയെല്ലുകളുടെ സന്ധികളിൽ വരുത്തുന്ന അസ്വാഭാവിക മർദ്ദവ്യത്യാസം സന്ധിവേദനയുണ്ടാക്കുകയും ഇതു ചെവിക്കുള്ളിലെ വേദനയായി തോന്നാനും തലവേദനായി പരിണമിക്കാനും കാരണമാകും. പല്ല് പറിച്ച ശേഷം താമസിയാതെ അവിടെ ഊരി മാറ്റാവുന്ന തരത്തിലുള്ളതോ ഉറപ്പിച്ചു വെക്കാവുന്ന തരത്തിലോ ഉള്ള പല്ലുകൾ വെച്ചുകൊടുക്കുന്നത് ഇതു പോലുള്ള ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ സഹായിക്കും.
bottom of page